ചെങ്ങന്നൂർ: തലമുറകൾ കൈമാറിവന്ന വിശ്വാസ പാരമ്പര്യം വിട്ടുവീഴ്ചയില്ലാതെ കാത്തുസൂക്ഷിക്കുന്ന ക്നാനായ സമൂഹം കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടതിന്റെ 105-ാം വാർഷികം ആഘോഷിക്കുമ്പോൾ, അത് കേരള സഭാചരിത്രത്തിലെ സുവർണ അധ്യായത്തിന്റെ ഓർമപ്പെടുത്തലായി. കല്ലിശേരി സെന്റ് മേരീസ് മെത്രാസന ദേവാലയങ്കണത്തിൽ നടന്ന വാർഷികാഘോഷം ലോകത്തിന്റെ വിവിധ കോണുകളിൽനിന്നെത്തിയ വിശ്വാസിസമൂഹത്തിന്റെ സംഗമഭൂമിയായി മാറി.
വിദേശത്തുനിന്നും മറുനാടുകളിൽനിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിന് വിശ്വാസികളാണ് പുനരൈക്യ വാർഷികത്തിൽ പങ്കുചേരാൻ കല്ലിശേരിയിൽ എത്തിയത്. വിശുദ്ധ കുർബാനയോടെയായിരുന്നു ആഘോഷപരിപാടികളുടെ തുടക്കം.
എഡി 52ൽ മാർ തോമാശ്ലീഹായുടെ ആഗമനത്തോടെയാണ് കേരളത്തിൽ ക്രൈസ്തവ വിശ്വാസത്തിന് തുടക്കമാകുന്നത്. തുടർന്ന് എഡി 345ൽ കൊടുങ്ങല്ലൂർ ക്നായി തോമായുടെ നേതൃത്വത്തിൽ പേർഷ്യയിൽ (ഇന്നത്തെ ഇറാഖ്) നിന്നുണ്ടായ കുടിയേറ്റം കേരള സഭയ്ക്ക് പുതിയ ജീവനും കരുത്തും പകർന്നു. 72 സുറിയാനി കുടുംബങ്ങളിലായി എത്തിയ 400 പേരടങ്ങുന്ന ഈ കുടിയേറ്റ സംഘം തങ്ങളുടെ തനതായ പാരമ്പര്യവും സ്വവംശ വിവാഹനിഷ്ഠയും കാത്തുസൂക്ഷിച്ചുകൊണ്ട് തെക്കുംഭാഗർ എന്ന പേരിൽ ഒരു പ്രത്യേക സമുദായമായി ഇന്നും നിലകൊള്ളുന്നു.
പതിനാറാം നൂറ്റാണ്ടുവരെ ഒരേ വിശ്വാസത്തിലും ആരാധനാക്രമത്തിലും കഴിഞ്ഞിരുന്ന കേരള സഭയിൽ, പോർച്ചുഗീസ് മിഷനറിമാരുടെ ഇടപെടലുകളും 1599ലെ ഉദയംപേരൂർ സൂനഹദോസും വിഭജനത്തിന്റെ വിത്തുകൾ പാകി. പാശ്ചാത്യ അധിനിവേശത്തിനെതിരേ 1653ൽ നടന്ന ചരിത്രപ്രസിദ്ധമായ കൂനൻകുരിശ് സത്യം സുറിയാനി സഭയെ പഴയകൂർ (കത്തോലിക്കർ), പുത്തൻകൂർ (യാക്കോബായക്കാർ) എന്നിങ്ങനെ രണ്ടായി പിളർത്തി. ഈ വിഭജനം ക്നാനായ സമുദായത്തെയും ബാധിക്കുകയുണ്ടായി. സമുദായത്തിലെ വലിയൊരു വിഭാഗം കത്തോലിക്കാ വിശ്വാസത്തിലും മറ്റൊരു വിഭാഗം യാക്കോബായ സഭയിലുമായി നിലകൊണ്ടു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്നാനായ യാക്കോബായക്കാർക്കായി പ്രത്യേക ഭദ്രാസനവും (1910), കത്തോലിക്കർക്കായി കോട്ടയം രൂപതയും (1911) സ്ഥാപിതമായി. ഇതിനു പിന്നാലെയാണ് യാക്കോബായ വിഭാഗത്തിൽപ്പെട്ട ക്നാനായ സഹോദരങ്ങൾ കത്തോലിക്കാ സഭയുമായി വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. തങ്ങളുടെ പരമ്പരാഗത ആരാധനാക്രമമായ മലങ്കര റീത്ത് നിലനിർത്തിക്കൊണ്ട് കത്തോലിക്കാ സഭയുടെ ഭാഗമാകുക എന്നതായിരുന്നു അവരുടെ പ്രധാന നിബന്ധന.
അന്നത്തെ കോട്ടയം ക്നാനായകത്തോലിക്കാ മെത്രാനായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ പിതാവിനെ അവർ സമീപിക്കുകയും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളുടെ ഫലമായി, 1921 ജൂലൈ അഞ്ചിന് കത്തോലിക്കാ സഭയിൽ ക്നനായക്കാർക്ക് മലങ്കര റീത്ത് പിന്തുടരുന്നതിന് പരിശുദ്ധ സിംഹാസനം ഔദ്യോഗിക അനുമതി നൽകി. ഇതിലൂടെ ചരിത്രപരമായ പുനരൈക്യം യാഥാർഥ്യമാവുകയായിരുന്നു.
കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടതിന്റെ 105-ാം വർഷത്തിലേക്ക് പ്രവേശിച്ചപ്പോൾ കോട്ടയം അതിരൂപതയുടെ കീഴിലുള്ള 15 മലങ്കര കത്തോലിക്കാ പള്ളികളിലായി ഈ സമൂഹം വിശ്വാസദീപ്തിയോടെ വളർന്നു പന്തലിച്ചു നിൽക്കുന്നു. ഈ പള്ളികളിൽ ഭൂരിഭാഗവും തിരുവല്ല പ്രദേശം കേന്ദ്രീകരിച്ചാണ് സ്ഥിതി ചെയ്യുന്നത്.
മലങ്കര ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ ഉന്നമനത്തിനും വളർച്ചയ്ക്കുമായി 2020 മുതൽ കോട്ടയം അതിരൂപതയിൽ ഗീവർഗീസ് മാർ അപ്രേം സഹായ മെത്രാനായി ശുശ്രൂഷ ചെയ്തുവരുന്നു.പൂർവികർ പകർന്നുനൽകിയ ആ വിശ്വാസദീപം നെഞ്ചിലേറ്റിക്കൊണ്ട് കല്ലിശേരിയിൽ നടന്ന ഈ 105–ാമത് പുനരൈക്യ വാർഷികാഘോഷം സമുദായ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി മാറി.
ക്നാനായ മലങ്കര കത്തോലിക്കർ മാതൃകയെന്ന് മന്ത്രി രമേശ് ചെന്നിത്തല
ചെങ്ങന്നൂർ: ക്നാനായ മലങ്കര കത്തോലിക്കർ ക്രൈസ്തവസമൂഹത്തിന് എന്നും മാതൃകയാണെന്നും അവർ സമൂഹത്തിന് നൽകിവരുന്ന സംഭാവനകൾ മഹത്വരമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 105-ാമത് ക്നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാർഷികം കല്ലിശേരി സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്ക മെത്രാസന ദേവാലയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യപ്രഭാഷണം നടത്തി. കൂടുതൽ മക്കൾ ഉള്ള ദമ്പതികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും അദ്ദേഹം ആദരിച്ചു. കാരുണ്യ ഫണ്ടിന്റെ ഉദ്ഘാടനവും നടത്തി. സുധീർ നെടിയഴുത്തിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങി. മലങ്കര ഫൊറോനാ വികാരി ഫാ. റെന്നി കട്ടേൽ
കെസിസി മലങ്കര ഫൊറോനാ പ്രസിഡന്റ് സാബു പാറാനിക്കൽ, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം സജി വെള്ളവന്താനം, പ്രോഗ്രാം കോ-ഓർഡിനേറ്റർ സൽവിതയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ആഘോഷ പരിപാടികൾക്ക് ഫാ. ജിലേഷ് പുഴക്കരോട്ട്, പാരിഷ് ഭാരവാഹികൾ, സുധീർ നെടിയുഴത്തിൽ, റജി കിഴക്കേപ്പറമ്പിൽ, സിസ്റ്റർ എബിൻ എസ് വിഎം എന്നിവർ നേതൃത്വം നൽകി.